പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. വരുന്ന ചിങ്ങം ഒന്നിനാണ് പുതിയ തന്ത്രി ചുമതലയേൽക്കുന്നത്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന വിദഗ്ധ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ മികച്ച പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകിയത്.
പ്രശസ്തമായ തന്ത്ര വിദ്യാപീഠത്തിലടക്കം താന്ത്രിക വിദ്യ അഭ്യസിച്ചിട്ടുള്ള ബ്രഹ്മദത്തൻ അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സമിതി അദ്ദേഹത്തിന്റെ പേര് ദേവസ്വം പ്രസിഡന്റിന് ശിപാർശ ചെയ്തത്.